ഐന്തിണകൾ
പ്രാചീനകാലത്ത് ഭൂമിശാസ്ത്രപരമായ സവിശേഷതകൾ പരിഗണിച്ച് സ്ഥലങ്ങളെ പലതായി തരം തിരിച്ചിരുന്നു. ഇത്തരം തിരിവുകളെ തിണകൾ എന്നാണ് വിളിച്ചിരുന്നത്. പ്രധാനമായും അഞ്ചു തിണകൾ ആയിരുന്നു ഉണ്ടായിരുന്നത്. ആയതിനാൽ തന്നെ ഇവയെ 'ഐന്തിണകൾ' എന്ന് വിളിച്ചു പോരുന്നു. അതാത് പ്രദേശങ്ങളിൽ കണ്ടുവരുന്ന പ്രധാന/വിശിഷ്ട സ്ഥല സസ്യങ്ങളെ അടിസ്ഥാനമാക്കിയാണ് തിണകൾക്ക് പേര് നൽകിയിരിക്കുന്നത്. അതിൻപ്രകാരം കുറിഞ്ചി, പാല, മരുതം, മുല്ല, നെയ്തൽ എന്നിങ്ങനെ ഭൂപ്രദേശങ്ങളെ അഞ്ചായി തരംതിരിച്ചിരുന്നു. അഞ്ചു തിണകളിലും ജീവിച്ചിരുന്നവരുടെ ജോലിയും ജീവിതശൈലിയുമെല്ലാം, അതാത് സ്ഥലങ്ങളിൽ ലഭ്യമായ പ്രകൃതി വിഭവങ്ങളേയും ഭൂപ്രകൃതിയെയും ആശ്രയിച്ച് ആയതിനാൽ, പലപ്പോഴും വ്യത്യസ്തം ആയിരുന്നു. എങ്കിലും പൊതുവെ നോക്കിയാൽ വ്യത്യസ്തമായ ജീവനമാർഗ്ഗങ്ങൾ സ്വീകരിച്ചിരുന്ന ജനതകൾ ഇടകലർന്നു ജീവിച്ചിരുന്ന ഭൂപ്രദേശങ്ങളായിരുന്നു ഇവ. സംഘകാല കൃതികളിൽ തിണകളെ അടിസ്ഥാനമാക്കിയുള്ള നിരവധി കൃതികൾ കാണാൻ ആകും. അക്കാലത്ത് പഴന്തമിഴ് ഭാഷയിൽ എഴുതപ്പെട്ട കവിതകളൊക്കെ ഈ തിണകളെ മുൻ നിർത്തിയായിരുന്നു.
ഓരോ തിണയ്ക്കും അവയുടെ ദേവത (കടവുൾ), ജനത (മക്കൾ), പക്ഷി (പുൾ), മൃഗം (വിലങ്ക്), സ്ഥാനം (ഊർ), ജലാശയം (നീർ), പൂവ്, ഭക്ഷണം (ഉണവ്), താളവാദ്യം (പറ), തന്ത്രിവാദ്യം (യാഴ്), ഈണം (പൺ), തൊഴിൽ തുടങ്ങിയവ ഉണ്ട്. ഇവയെ എല്ലാം കരുക്കൾ എന്ന് വിളിക്കുന്നു.
കുറിഞ്ചി

മലയും മലയോരവും ചേർന്ന പ്രദേശമാണ് കുറിഞ്ചി. മയിലും മലമ്പുള്ളും പുലിയും കരടിയും ആനയും വിലസുന്ന കാടുകളും കുറിഞ്ഞിത്തിണയെ സജീവമാക്കി. വ്യാഴവട്ടത്തിൽ ഒരിക്കൽ മാത്രം കൺതുറക്കുന്ന നീലക്കുറിഞ്ഞികൾ കുറിഞ്ഞിത്തിണയെ നീലഗിരികളാക്കിമാറ്റി. മലനെല്ലുവിതച്ചും കിഴങ്ങു പറിച്ചും നായാട്ടു നടത്തിയും അരുവിയിൽ നീരാടിയും കുറിഞ്ഞി നിവാസികൾ ജീവിച്ചു. ചേയോൻ (മുരുകൻ) ആയിരുന്നു ഇവരുടെ പ്രധാന ദൈവം. വേൽ ആയുധം ആയതുകൊണ്ട് വേലൻ എന്നും അറിയപ്പെട്ടിരുന്നു. വേദർ, കാനവർ, മലയരയർ എന്നാണ് ഈ പ്രദേശങ്ങളിൽ താമസിച്ചിരുന്നവരെ വിളിച്ചിരുന്നത്.
പാലൈ
അരുവിയോ നീർച്ചാലുകളോ ഇല്ലാത്ത ഊഷരഭൂമിയാണ് പാലത്തിണ. സഹ്യന്റെ മഴനിഴൽ പ്രദേശങ്ങൾ ഈ തിണയിൽ പെട്ടതാണ്. കൊള്ളക്കാരായ മറവരാണ് പാലൈയിലെ താമസക്കാർ. കുരുട്ടു പാലയാണ് ഇവിടുത്തെ സ്ഥല സസ്യം. സമരദേവതയായ കൊട്രവൈ ആണ് ഇവരുടെ ദൈവം. ഇന്നത്തെ ഹൈന്ദവ ദൈവമായ കാളിയുമായി കൊട്രൈവക്ക് സാമ്യതയുണ്ട്.
മുല്ല
കാടും കാടുചേർന്ന ഇടവുമാണ് മുല്ല. മുല്ലപ്പൂവാണ് ഇവിടത്തെ സ്ഥല പുഷ്പം. കാലിവളർത്തുകയും കാളപ്പോരുപോലുള്ള വിനോദങ്ങളിലേർപ്പെടുകയും ചെയ്യുന്ന ഇടയരുടെ പ്രദേശമാണിത്. കായാമ്പൂവ് മുല്ലത്തിണയിലെ മറ്റൊരു സ്ഥലപുഷ്പമാണ്. മായോൻ(വിഷ്ണു) എന്ന ഇടയദൈവമാണ് ഈ തിണയുടെ ദേവത.
മരുതം
വയലും തോടും പുഴയും നാടും നഗരവും ചേർന്ന സമതലഭൂമിയാണ് മരുതം. ഉയർന്ന ഫലഭൂയിഷ്ടി ഉള്ള പ്രദേശമാണ് മരുതം തിണ. മരുത് മരമാണ് സ്ഥലവൃക്ഷം. സുഖലോലുപ ജീവിതം നയിക്കുന്നവരുടെ ആവാസമാണ് മരുതനിലം. തലസ്ഥാന നഗരികൾ സാധാരണ മരുതം തിണയിലാണ് സ്ഥാപിക്കപ്പെട്ടിരുന്നത്. കാർഷികവൃത്തി പിന്തുടർന്ന് പോരുന്ന ഇവർ ഉഴവർ എന്ന പേരിൽ അറിയപ്പെട്ടിരുന്നു. മഴ ദൈവമായ വേന്തൻ ആയിരുന്നു ഇവരുടെ ദൈവം.
നൈതൽ
നൈതൽ നെയ്യാമ്പലുകൾ വളരുന്ന തീരദേശങ്ങളാണ്. മീൻ പിടിച്ചും ഉപ്പുകുറുക്കി വിറ്റും ജീവിക്കുന്നവരുടെ നാട്. താഴം പൂവിന്റെയും പൂന്നപ്പൂവിന്റെയും സുഗന്ധം അലതല്ലുന്ന കാറ്റും, അടമ്പുവള്ളികളുടെ ഹരിതകമ്പളം ചുറ്റിയ കടൽത്തീരവും നൈതൽ പ്രകൃതിയെ ആകർഷകമാക്കുന്നു. പുന്നയുടെ താഴ്ന്ന കൊമ്പുകളിൽ സ്രാവിന്റെ മസ്തകാസ്ഥി ഊഞ്ഞാൽപ്പലകയാക്കി ഊയ്യലാടിയും സമുദ്രസ്നാനം നടത്തിയും സന്തോഷ ജീവിതം നയിച്ചിരുന്നവരായിരുന്നു നെതൽ ജനത. ഇൗ നാട്ടുകാരെ പരതർ (പരതവർ) എന്നാണ് വിളിച്ചിരുന്നത്. കടലോൻ എന്ന ജലദേവൻ ആയിരുന്നു അവരുടെ ദേവൻ.
പ്രകൃതിയെയും അതിലെ ജീവ ജാലങ്ങളെയും ഒന്നായിക്കണ്ട് പ്രാചീന ജനതയുടെ ജീവിത വീക്ഷണമാണ് ഐന്തിണസങ്കല്പത്തിൽ നിഴലിക്കുന്നത്. കുറിഞ്ഞി, മുല്ല, പാല തുടങ്ങിയ സൂചനകൾ ഇന്നും നമ്മുടെ സ്ഥലനാമങ്ങളിലുണ്ട്.






